Wednesday, April 18, 2018

പരിശുദ്ധ അമ്മ വാഗ്ദാന പേടകം ആകുന്നതു എങ്ങിനെ?

Audio Only




മറിയം വാഗ്ദാന പേടകം:- പഴയ നിയമത്തിലെ വാഗ്ദാന പേടകത്തിന് പുതിയ നിയമത്തില് കൊടുത്തിരിക്കുന്ന പേരാണ് മറിയം എന്നത്. വി. ലൂക്കായുടെ സുവിശേഷഭാഗത്താണ് ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാന് കഴിയുന്നത്. കാരണം അനേകം സാമ്യങ്ങള് നമുക്ക് വി. ഗ്രന്ഥത്തില് കാണുവാന് കഴിയും. 2 സാമുവേല് 6, 1 രാജാക്കന്മാര് 8, ലൂക്കാ 1 എന്നീ പുസ്തകങ്ങളാണ് ഇതിന് ആധാരം. മരുഭൂമിയില് ദൈവം ഇസ്രായേല്യര്ക്ക് ഭക്ഷിക്കാന് നല്കിയ മന്നായും, ദൈവം തന്റെ കരങ്ങള് കൊണ്ട് എഴുതിയ പ്രമാണങ്ങളുടെ കല്പലകയും അഹറോന്റെ തളിര്ത്ത വടിയുമാണ് പഴയ നിയമത്തിലെ വാഗ്ദാന പേടകത്തില് ഉണ്ടായിരുന്നത്. പുതിയ നിയമത്തില് മറിയം എന്ന വാഗ്ദാന പേടകം, തന്റെ ഉദരത്തില് വഹിച്ചിരുന്നത് ജീവന്റെ അപ്പമായ യേശുവിനെയായിരുന്നു. കല്പനകള്ക്കു പകരം മനുഷ്യനായി ഭൂമിയില് അവതരിച്ച ദൈവത്തിന്റെ വചനമായിരുന്നു. അഹറോന്റെ പൗരോഹിത്യത്തെ സൂചിപ്പിച്ച തളിര്ത്ത വടിക്കു പകരം മറിയത്തിന്റെ ഉള്ളിലുണ്ടായിരുന്നത് അത്യന്നതായ മഹാപുരോഹിതന് തന്നെയായിരുന്നു.

ഫില്യസ്ത്യരുടെ കൈയ്യില് നിന്നും വീണ്ടെടുത്ത വാഗ്ദാന പേടകം ദാവീദ് വീണ്ടെടുത്ത് കൊണ്ടു വരുമ്പോള് ഉസ്സാ കൈനീട്ടി പേടകത്തെ തൊട്ടതിനാല് അവനെ ദൈവം കോപത്താല് കൊന്നുകളഞ്ഞു. ഇതു കണ്ട ദാവീദിന് ഭയം തോന്നിയതിനാല് മലമ്പ്രദേശത്തുള്ള ഒബാദ് ഏദോമിന്റെ ഭവനത്തില് അതു പ്രതിഷ്ഠിച്ചു. മൂന്നു മാസം അതവിടെ ഇരുന്നു. പുതിയ നിയമത്തില് മറിയം മലമ്പ്രദേശത്തുള്ള എയിന് കരീമില് മൂന്നു മാസം ഏലീശ്വായുടെ ഭവനത്തില് വസിച്ചു. ദാവീദ് ദൈവത്തിന്റെ വാഗ്ദാന പേടകം തന്റെ നഗരത്തിലേക്ക് കൊണ്ടുവന്നു. വെറുമൊരു ചണ വസ്ത്രം ധരിച്ച്, പേടകത്തിനു മുന്നില് നൃത്തം ചവിട്ടി ആഹ്ളാദത്തോടെയാണ് ദാവീദ് വാഗ്ദാന പേടകത്തെ സ്വീകരിക്കുന്നത്. പുതിയ നിയമത്തില് ജ്ഞാനസ്നാനം നല്കുന്ന പുരോഹിതനായി മാറിയ യോഹന്നാന് മറിയത്തിന്റെ ശബ്ദം കേട്ടപ്പോള് ഏലീശായുടെ ഉദരത്തില് കുതിച്ചു ചാടി. ദാവീദ്, കര്ത്താവിന്റെ പേടകം എന്റെയടുത്തുവന്നാല് എന്തു സംഭവിക്കും എന്ന് തനിയെ ചോദിച്ചു. പുതിയ നിയമത്തില് ഏലീശാ, എന്റെ കര്ത്താവിന്റെ അമ്മ എന്റെയടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കെവിടെ നിന്ന് എന്നു ചോദിക്കുന്നു. ദാവീദ് ഉച്ചത്തില് ആര്പ്പു വിളിച്ചു എന്നും എലിസബത്ത് ഉറക്കെ ഉദ്ഘോഷിച്ചു എന്നുമാണ് എഴുതിയിരിക്കുന്നത്. വാഗ്ദാന പേടകം ജെറുസലേമില് കൊണ്ടുവരികയും കര്ത്താവിന്റെ ചൈതന്യം അതില് ആവസിക്കുകയും ചെയ്തു.

മറിയം തന്റെ പുത്രനെ പ്രസവിച്ച് ജെറുസലേം ദൈവാലയത്തിലാണ് കുഞ്ഞിനെ പ്രതിഷ്ഠിക്കുന്നത്. വാഗ്ദാന പേടകത്തെ വഹിച്ചുകൊണ്ട് ദാവീദിന്റെ അനുചരന്മാര് മലമ്പ്രദേശത്തു കൂടെ ഒബേദ്-ഏദാമിന്റെ ഭവനത്തിലേക്ക് പോകുന്നു (2 സാമു. 6:1-11), മറിയം യേശുവിനെ ഉദരത്തില് വഹിച്ചുകൊണ്ട് മലമ്പ്രദേശത്തു കൂടെ എലിസബേത്തിന്റെ ഭവനത്തിലേക്ക് പോകുന്നു. (ലൂക്ക 1:39) ദാവീദ് വെറുമൊരു ചണവസ്ത്രം ധരിച്ച്, അര്ദ്ധ നഗ്നനായി വാഗ്ദാന പേടകത്തിനുമുമ്പില് സന്തോഷത്തോടെ തുള്ളിച്ചാടുന്നു (2 സാമു. 6:1-11), എലിസബേത്തിന്റെ ഗര്ഭപാത്രത്തില് നഗ്നനായ യോഹന്നാന് മറിയത്തിന്റെ സ്വരം കേള്ക്കുമ്പോള് കുതിച്ചു ചാടുന്നു (ലൂക്ക 1:41) കര്ത്താവിന്റെ പേടകം എന്റെയടുത്തേക്ക് വന്നാല് എന്തു സംഭവിക്കും എന്നു ദാവീദ് തന്നോടു തന്നെ ചോദിക്കുന്നു (2 സാമു. 6:9), എലിസബേത്ത് എന്റെ കര്ത്താവിന്റെ അമ്മ എന്റെ അടുത്തേക്ക് വരാനുള്ള ഭാഗ്യം എനിക്കെവിടെ നിന്ന് എന്നു ചോദിക്കുന്നു (ലൂക്ക 1:43) ദാവീദ് വാഗ്ദാന പേടകത്തിനു മുന്നില് ഉച്ചത്തില് ദൈവത്തെ സ്തുതിച്ചു (2 സാമു. 6:15), മറിയത്തിന്റെ സാന്നിധ്യത്തില് എലിസബേത്ത് ഉച്ചത്തില് ദൈവത്തെ മഹത്വപ്പെടുത്തി (ലൂക്ക 1:42) വാഗ്ദാന പേടകത്തിന്റെ സാന്നിധ്യത്തില് ഒബേദ്-ഏദോമിന്റെ ഭവനം അനുഗ്രഹിക്കപ്പെട്ടു (2 സാമു. 6:11), മറിയത്തിന്റെ സാന്നിധ്യം അനുഗ്രഹദായകമെന്ന് എലിസബേത്ത് പ്രകീര്ത്തിക്കുന്നു (ലൂക്ക 1:39-45) മൂന്നുമാസം വാഗ്ദാനപേടകം ഒബേദ്-ഏദോമിന്റെ ഭവനത്തില് ഇരുന്നു (2 സാമു. 6:11), മൂന്നു മാസത്തോളം മറിയം എലിസബത്തിന്റെ ഭവനത്തില് താമസിച്ചു (ലൂക്ക 1:56) വാഗ്ദാനപേടകം ജെറുസലേമില് എത്തുകയും ദൈവത്തിന്റെ മഹത്വം അവിടെ കാണപ്പെടുകയും ചെയ്തു (2 സാമു. 6:12 1 രാജാ. 8 9-11), മനുഷ്യനായിത്തീര്ന്ന ദൈവപുത്രനെ ജെറുസലേം ദൈവാലയത്തില് പ്രതിഷ്ഠിക്കുകയും, ശിമയോനും അന്നായും ദൈവത്തിന്റെ മഹത്വം ശിശുവില് കാണുകയും ചെയ്യുന്നു (ലൂക്ക 2:21-22)

No comments:

Post a Comment